Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു സംസ്ഥാനത്തെ ക്രമീകരണങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേന്ദ്രസംഘം നാളെ മുതൽ കേരളത്തിൽ എത്തും.
നാളെയും മറ്റന്നാളും രണ്ട് സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാർ കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് കളക്ടർമാർ, പോലീസ് നോഡൽ ഓഫീസർമാർ, ജില്ലാ പോലീസ് മേധാവികൾ, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം നടക്കും.
ഇതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും ഉദ്യോഗസ്ഥരും കേരളത്തിലെത്തും. എന്യുമറേഷൻ ഫോറം നൽകിയവരിൽ 2002 ലെ എസ്ഐആർ പട്ടികയിലെ വിവരങ്ങളുമായി ചേരാത്തതും വിശദാംശങ്ങളിൽ പൊരുത്തക്കേടുള്ളതുമായി കണ്ടെത്തിയ 36,88,948 പേരുടെ ഹിയറിംഗിനുശേഷം ഒഴിവാക്കിയത് 53,229 പേരെ മാത്രമാണ്.
36 ലക്ഷം പേർക്കും നോട്ടീസ് നൽകി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. 14നായിരുന്നു ഹിയറിംഗിന്റെ അവസാനദിവസം. നോമാപ്പിംഗ് വിഭാഗത്തിൽ 19,32,688 പേർക്കും മറ്റു തരത്തിൽ പൊരുത്തക്കേടുള്ള 17,56,260 പേർക്കുമായിരുന്നു ഹിയറിംഗ് നടത്തിയത്. ഇവരുടെ അപ്പീൽ നടപടികൾ തുടരും. എന്നാൽ, ഇനി പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാത്രമേ കഴിയുകയുള്ളൂ.
Leader Page
അക്ഷരങ്ങളുടെയും റബറിന്റെയും കായലുകളുടെയും നാടായ കോട്ടയം എക്കാലത്തും ഐക്യജനാധിപത്യമുന്നണിക്കൊപ്പമായിരുന്നു. കരുത്തരായ ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും വര്‍ഷങ്ങളായി ഐക്യമുന്നണിയെ നയിച്ചത് ചരിത്രമാണ്. എല്‍ഡിഎഫ് തരംഗത്തിൽപ്പോലും പതറാതിരുന്ന കോട്ടയത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിനെ കൂട്ടുപിടിച്ച് ഇടതുമുന്നണി നേട്ടമുണ്ടാക്കി. എങ്കിലും പാലായിൽ ജോസ് കെ. മാണിയുടെ പരാജയം ക്ഷീണമായി.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും ക്രൈസ്തവ സഭകളുടെ നിലപാടും എന്‍എസ്എസ് ആസ്ഥാനവുമൊക്കെയായി എല്ലാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ ചർച്ചകളിൽ കോട്ടയമുണ്ടായിരുന്നു. ഇത്തവണ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിയില്‍ ഉറച്ചുനില്ക്കാന് തീരുമാനിച്ചതോടെ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനും പാലായും കടുത്തുരുത്തിയും കൂടി പിടിച്ചെടുക്കാനുമുള്ള തയാറെടുപ്പിലാണ് ഇടതുമുന്നണി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെന്നപോലെ മാണി ഗ്രൂപ്പിനെ നിയമസഭയിലേക്കും ചേര്‍ത്തുപിടിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും. ജില്ലയിൽ എ ക്ലാസ് മണ്ഡലങ്ങളൊന്നുമില്ലെങ്കിലും പല മണ്ഡലത്തിലും ബിജെപിക്ക് ശക്തിയുണ്ട്. നിലവില്‍ ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചെണ്ണം എല്‍ഡിഎഫിനും നാലെണ്ണം യുഡിഎഫിനുമാണ്.
»സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും
യുഡിഎഫില്‍ സിറ്റിംഗ് എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ (കോട്ടയം), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), മോന്‍സ് ജോസഫ് (കടുത്തുരുത്തി), മാണി സി. കാപ്പന് (പാലാ) എന്നിവര്‍ വീണ്ടും മത്സരിക്കുമെന്നുറപ്പായി. എല്‍ഡിഎഫില്‍ മന്ത്രി വി.എന്‍. വാസവന് (ഏറ്റുമാനൂര്‍), ഡോ. എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി), ജോബ് മൈക്കിള്‍ (ചങ്ങനാശേരി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍) എന്നിവരും മത്സരരംഗത്തുണ്ടാകും. സി.കെ. ആശ(വൈക്കം)യുടെ കാര്യത്തില്‍ മാത്രമാണു തീരുമാനമാകാനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടികള്‍. യുഡിഎഫില്‍ കോണ്‍ഗ്രസ്-അഞ്ച്, കേരള കോണ്‍ഗ്രസ്-മൂന്ന്, മാണി സി. കാപ്പന് (സ്വത) ഒന്ന് എന്നിങ്ങനെയും എല്‍ഡിഎഫില്‍ സിപിഎം-മൂന്ന്, സിപിഐ-ഒന്ന്, കേരള കോണ്‍ഗ്രസ് എം-അഞ്ച് എന്നിങ്ങനെയുമായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റു വിഭജനം.
» പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന് അനുകൂലം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നേടിയ ഭൂരിപക്ഷത്തോടെയാണ് ജില്ലയില്‍ യുഡിഎഫിന്റെ തിരിച്ചുവരവ് തുടങ്ങുന്നത്. പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജും ജില്ലയിലെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും നേടിയ തകര്‍പ്പന്‍ വിജയവും യുഡിഎഫിനു വലിയ ആത്മവിശ്വാസം നൽകി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ വലിയ ആധിപത്യം വേറെയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നേരിയ ലീഡ് മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ബാക്കി മണ്ഡലങ്ങളില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്.
» എല്‍ഡിഎഫിന്റെ പ്രതീക്ഷ കേരള കോണ്‍ഗ്രസ് എമ്മില്‍
ത്രിതല പഞ്ചായത്തിൽ എല്‍ഡിഎഫിനേറ്റ തിരിച്ചടിയോടെ കേരള കോണ്‍ഗ്രസ്- എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചതാണ്. മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച ജോസ് കെ. മാണിയുടെ പ്രതീക്ഷ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ 1,500 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിലാണ്.
» കേരള കോണ്‍ഗ്രസ് സീറ്റുകളില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്
യുഡിഎഫില്‍ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നീ മൂന്നു സീറ്റുകളിലാണു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത്. ഇതില്‍ കടുത്തുരുത്തിയില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ഇത്തവണ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ വേണമെന്ന നിലപാടിലാണു കോണ്‍ഗ്രസ്. ഇതിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പലവട്ടം നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. രണ്ടു സീറ്റും വിട്ടു നല്‍കില്ലെന്നും ഇത്തവണ രണ്ടിടത്തും വിജയിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥികളുണ്ടെന്നുമാണ് ജോസഫ് വിഭാഗം പറയുന്നത്. എന്നാല്‍, ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുത്തിട്ട് പൂഞ്ഞാര്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇനി പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫാണു തീരുമാനമെടുക്കേണ്ടത്. കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ മത്സരിപ്പിക്കാനാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
» ജോസ് കെ. മാണി പാലായിലോ കടുത്തുരുത്തിയിലോ?
ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. ജോസ് കെ. മാണി ഇത്തവണ മത്സരിക്കുമോ മത്സരിച്ചാല്‍ പാലായിലാണോ കടുത്തുരുത്തിയിലാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പാലായില്‍ നിഷ ജോസ് കെ. മാണിയുടെ പേരും കേട്ടിരുന്നെങ്കിലും ജോസ് കെ. മാണി തന്നെ ഇതു നിഷേധിച്ചു. എതിരാളി ആരായാലും യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രനായിട്ടാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ സ്വന്തം പാര്‍ട്ടിയായ കെഡിപിയുടെ ബാനറിലായിരിക്കും മത്സരം.
» കോണ്‍ഗ്രസില്‍ സീറ്റിനായി ഒരുപിടി നേതാക്കള്‍
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സീറ്റുറപ്പിച്ചു പ്രവര്‍ത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ സജീവമാണ്. പൂഞ്ഞാര്‍ സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി സെക്രട്ടറി ടോമി കല്ലാനിയുടെ പേരിനാണു മുന്‍തൂക്കം. കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വാഴയ്ക്കന്റെ പേരിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍, റോണി കെ. ബേബി, ജിജി അഞ്ചാനി, ജില്ലാ പഞ്ചായത്തംഗം ആന്മരിയ എന്നിവരുടെ പേരുകളാണുള്ളത്. ചങ്ങനാശേരി കേരള കോണ്‍ഗ്രസില്‍നിന്നു വിട്ടുകിട്ടിയാല്‍ മത്സരിക്കാന്‍ ഒരുപിടി നേതാക്കളാണു രംഗത്ത്. സംവരണ മണ്ഡലമായ വൈക്കത്ത് ദളിത് നേതാവ് സണ്ണി എം. കപിക്കാടിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് ആലോചന.
» കോട്ടയവും പുതുപ്പള്ളിയും സിപിഎമ്മിനു കഠിനം
കോട്ടയത്തു തുടര്‍ച്ചയായ നാലാം അങ്കത്തിൽ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണു തിരുവഞ്ചൂര്‍. കഴിഞ്ഞ തവണ 18,743 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തവണ മത്സരിച്ച കെ. അനില്‍കുമാറാണ് ഇടതുപക്ഷത്ത് പ്രഥമ പരിഗണനയില്‍. ഇദ്ദേഹം മണ്ഡലത്തില്‍ സജീവമാണ്. സുരേഷ് കുറുപ്പിന്റെ പേരും കേൾക്കുന്നുണ്ട്.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജെയ്ക് സി. തോമസിനെ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പരാജയപ്പെടുത്തിയത്. മൂന്നു തവണ തോറ്റ ജെയ്ക് സി. തോമസ് ഇനി പുതുപ്പള്ളിയില്‍ നിൽക്കില്ല. ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ റെജി സഖറിയ, കെ.എം. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് എന്നിവരാണ് പട്ടികയിലുള്ളത്. ബാലികേറാമലയായതിനാല്‍ പൊതു സ്വതന്ത്രനെ പരീക്ഷിക്കാനും നീക്കമുണ്ട്.
» ടേം മാനദണ്ഡം ഒഴിവായാല്‍ ആശയ്ക്ക് മൂന്നാമൂഴം
ഒരാള്‍ക്ക് തുടരെ രണ്ടു ടേം എന്ന പാര്‍ട്ടി മാനദണ്ഡം മാറിയാല്‍ വൈക്കത്ത് സിറ്റിംഗ് എംഎല്‍എ ആശ വീണ്ടും മത്സരിക്കും. ആശയ്ക്കു തന്നെയാണ് സിപിഐയുടെ പ്രഥമ പരിഗണന. മണ്ഡല രൂപീകരണം മുതല്‍ എല്‍ഡിഎഫിനൊപ്പമാണ് വൈക്കം. സിപിഐയുടെ പ്രാദേശിക നേതൃത്വത്തിലെ ഭിന്നതകളും ജാതി സമവാക്യങ്ങളുമാണ് യുഡിഎഫിന്റെ നോട്ടം.
Leader Page
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത്തേക്കും ലോക്സഭയില്‍ വലത്തേക്കും തദ്ദേശത്തില്‍ വീണ്ടും ഇടത്തേക്കും ചായുന്ന ചരിത്രമാണു കോഴിക്കോടിന്.
വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി കേരള നിയമസഭയില്‍ കോഴിക്കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ല എന്ന യാഥാര്‍ഥ്യമാണ് മുന്നിലുള്ളത്. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് പി. ശങ്കരനും കോഴിക്കോട് നോര്‍ത്തില്‍നിന്ന് എ. സുജനപാലും ജയിച്ചുകയറിയതിനു ശേഷം ഇന്നുവരെ ജില്ലയില്‍ ഒരിടത്തും കോണ്‍ഗ്രസിനു വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല. വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും പ്രതിനിധികൾ മാത്രമാണ് നേരിയ ആശ്വാസം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 11 സീറ്റും ഇടതുപക്ഷം നേടി.
ഹോട്ട് സീറ്റുകള്‍
കോഴിക്കോട് ജില്ലയില്‍ ഏറെ ശ്രദ്ധാകേന്ദ്രം കുറ്റ്യാടി മണ്ഡലമാണ്. 2011 മുതലുള്ള കുറ്റ്യാടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇരുമുന്നണികള്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണ്. 2011ല്‍ ഇടതുമുന്നണി തരക്കേടില്ലാത്ത വിജയം നേടിയ മണ്ഡലം 2016ല്‍ മുസ്ലിം ലീഗ് തിരിച്ചുപിടിക്കുന്നതാണു കണ്ടത്. 2011 ല്‍ കെ.കെ. ലതിക നേടിയത് 6,972 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ല്‍ പാറക്കല്‍ അബ്ദുള്ളയെ ഇറക്കി കുറ്റ്യാടി പിടിച്ച യുഡിഎഫ് നേടിയത് 1,157 വോട്ടിന്റെ ഭൂരിപക്ഷം. 2021ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 333 വോട്ട് ഭൂരിപക്ഷത്തില്‍ പാറക്കല്‍ അബ്ദുള്ളയില്‍നിന്ന് കെ.പി. കുഞ്ഞഹമ്മദ് കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 2,437 വോട്ടിന്റെ ഭൂരിപക്ഷം 333 വോട്ടിലേക്കു ചുരുങ്ങിയെങ്കിലും വിജയം എല്‍ഡിഎഫിനായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കുറ്റ്യാടി മണ്ഡല പരിധിയില്‍ ലീഡ് യുഡിഎഫിനായിരുന്നു. ഏതാണ്ട് 4,558 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനു പ്രതീക്ഷ പകരുന്നത്.
നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു മണ്ഡലം നാദാപുരമാണ്. എല്‍ഡിഎഫിന്റെ കുത്തകയാണെങ്കിലും നാദാപുരത്തെ നേര്‍ത്തുവരുന്ന ഭൂരിപക്ഷം യുഡിഎഫിനും പ്രതീക്ഷ പകരുന്നു. സി.എച്ച്. കണാരനും കാന്തലോട്ട് കുഞ്ഞമ്പുവും സത്യന് മൊകേരിയും ബിനോയ് വിശ്വവുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നിരന്തരമായി ജയിച്ചുപോന്ന നാദാപുരത്ത് 2011 മുതല്‍ മൂന്നു തവണയും സിപിഐയിലെ ഇ.കെ. വിജയനാണ് എംഎല്‍എ. 2011 ല്‍ 7,546, 2016ല്‍ 4,759, 2021ല്‍ 4,036 എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5,365 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത് യുഡിഎഫ് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.
പേരാമ്പ്ര സീറ്റില്‍ 2020ലെയും 2025ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരേ കീഴ്മേല്‍ മറിഞ്ഞതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2020ല്‍ മണ്ഡലത്തില്‍ 10,072 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫ് 22,592 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. 2016ല്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 4,101 വോട്ടായി ചുരുങ്ങിയിരുന്നു. 2011ല്‍ 15,260 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എല്‍ഡിഎഫിന്. 1980 മുതല്‍ നിരന്തരം ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുവരാറുള്ള പേരാമ്പ്രയില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലപരിധിയില്‍ യുഡിഎഫ് നേടിയത് 10,233 വോട്ടിന്റെ ഭൂരിപക്ഷം. 2026ലെ തെരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,071 വോട്ടിനു കൊയിലാണ്ടിയില്‍ മുന്നിലായിരുന്ന എല്‍ഡിഎഫ് 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി പിടിച്ചത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,924 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലപരിധിയില്‍ നേടിയിരിക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളും നേര്‍ത്ത ഭൂരിപക്ഷംകൊണ്ട് മുന്നണികളെ കുഴക്കുന്ന സീറ്റുകളാണ്.
2011 ല്‍ 3,833 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച തിരുവമ്പാടി സീറ്റ് 2016ലും 2021ലും ഇടതുമുന്നണിക്കൊപ്പമാണു നിന്നത്. 2016ല്‍ 3,008 വോട്ടിന്റെയും 2021ല്‍ 4,643 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് തിരുവമ്പാടിയില്‍ നടത്തിയത്. മണ്ഡലപരിധിയില്‍ യുഡിഎഫിനിപ്പോള്‍ 24,197 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 5,246 വോട്ട് ഭൂരിപക്ഷം മറികടന്ന് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 4,643 വോട്ടിന് ഇടതുമുന്നണി ജയിച്ച തിരുവമ്പാടി ഇക്കുറി എങ്ങനെ ചിന്തിക്കും എന്നതാണ് അറിയേണ്ടത്.
കൊടുവള്ളിയില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 7,931 വോട്ട് ലീഡുണ്ടായിരുന്നു. തൊട്ടുപിറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീര്‍ വിജയിച്ചത്. 2016ല്‍ 573 വോട്ടിന് ഇടതുമുന്നണി സ്ഥാനാര്‍ഥി കാരാട്ട് റസാഖിനെ ജയിപ്പിച്ച ചരിത്രവുമുണ്ട് കൊടുവള്ളിക്ക്. മുമ്പ് 2006ല്‍ പി.ടി.എ. റഹീം കൊടുവള്ളിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി 7,506 വോട്ടിന് ജയിച്ചിരുന്നു. ഇത്തവണ കൊടുവള്ളി ശ്രദ്ധാകേന്ദ്രമാകുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 20,417 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ പേരിലാണ്.
എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ജയിച്ചുകയറിയ കെ.കെ. രമ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ആര്‍എംപിഐ യുഡിഎഫിന്റെ അസോസിയേറ്റ് പാര്ട്ടിയായതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. എല്ലാക്കാലവും ഇടതുപക്ഷത്തിന്റെ കുത്തകസീറ്റായിരുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരേ 7,014 വോട്ടിനാണു രമ കഴിഞ്ഞതവണ ജയിച്ചുകയറിയത്.
പ്രഖ്യാപനമായില്ലെങ്കിലും പി.വി. അന്‍വര്‍ തുടങ്ങി
‘മരുമോനിസം’ എന്ന പ്രയോഗവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും അതുവഴി മുഖ്യമന്ത്രി പിണറായിയെയും ലക്ഷ്യമാക്കി മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബേപ്പൂര്‍ മണ്ഡലത്തിലെ പൗരപ്രമുഖരെ അടക്കം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍ ഓടിനടക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. പക്ഷേ, ബേപ്പൂരിലെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചന കെപിസിസി പ്രസിഡന്റ് അടുത്തിടെ നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം മലക്കംമറിഞ്ഞു. പക്ഷേ, അന്‍വര്‍ പ്രചാരണരംഗത്തുനിന്നു പിന്‍വലിഞ്ഞിട്ടില്ല. യുഡിഎഫ് പിന്തുണയോടെ അന്‍വര്‍ മത്സര രംഗത്ത് എത്തിയാല്‍ മത്സരം കടുത്തതാകും. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്ന അന്‍വറിനോടു തോറ്റാല്‍ കനത്ത ക്ഷീണമാകുമെന്നതിനാല്‍ സിപിഎമ്മും കരുതിക്കൂട്ടിയാണു നീങ്ങുന്നത്.
1982നു ശേഷം സിപിഎമ്മല്ലാതെ മറ്റൊരു പാര്‍ട്ടി ജയിച്ച ചരിത്രമില്ലാത്ത ബേപ്പൂര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നല്‍കുന്നത് അപായസൂചനയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.എ. മുഹമ്മദ് റിയാസ് ജയിച്ച മണ്ഡലത്തില്‍ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിന്റേതായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,087 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് 28,747 ലേക്ക് ഉയര്‍ത്തിയത്.
National
ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏപ്രിലില്‍. വോട്ടെടുപ്പിന്റെ കൃത്യ തീയതികളും ഘട്ടങ്ങളും മാര്‍ച്ച് മധ്യത്തില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഉന്നതര്‍ പറഞ്ഞു. കേരളം, തമിഴ്നാട്, ബംഗാള്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷമുള്ള തെരഞ്ഞെടുപ്പാകും നടക്കുക.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഒരു ദിവസം വോട്ടെടുപ്പു പൂര്‍ത്തിയാക്കുന്ന പതിവിനു വിരുദ്ധമായി ഇത്തവണ രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍, പഴയതുപോലെ ഒറ്റ ദിവസം വോട്ടെടുപ്പു മതിയെന്നാണു കേരളത്തില്‍നിന്നുള്ള ശിപാര്‍ശ. പശ്ചിമബംഗാളില്‍ ഏഴോ, എട്ടോ ഘട്ടങ്ങളായും ആസാമില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളായും വോട്ടെടുപ്പു നടത്താനാണ് ആലോചന.
കഴിഞ്ഞ തവണ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ദിവസം വോട്ടെടുപ്പു പൂര്‍ത്തിയാക്കിയിരുന്നു. പശ്ചിമ ബംഗാളില്‍ ചരിത്രത്തിലാദ്യമായി എട്ടു ഘട്ടങ്ങളിലായാണു വോട്ടെടുപ്പു നടത്തിയത്. ആസാമില്‍ രണ്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പു നടന്നത്.
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരും ഉദ്യോഗസ്ഥരും അഞ്ചു സംസ്ഥാനങ്ങളും ഉടന്‍ സന്ദര്‍ശിക്കും. സംഘം ഇന്നലെ ആസാമില്‍ എത്തിയിട്ടുണ്ട്. എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക കേരളത്തില്‍ ശനിയാഴ്ചയും തമിഴ്നാട്ടില്‍ 24നും പശ്ചിമ ബംഗാളില്‍ 28നും പ്രസിദ്ധീകരിക്കും. പുതുച്ചേരിയില്‍ കഴിഞ്ഞ 14നു വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. എസ്ഐആര്‍ നടപ്പാക്കാതിരുന്ന ആസാമില്‍ പ്രത്യേക പുനരവലോകനത്തിനു ശേഷമുള്ള അന്തിമ പട്ടിക കഴിഞ്ഞ പത്താം തീയതി പ്രസിദ്ധീകരിച്ചു.
കേരളം, തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിനു വോട്ടര്‍മാരുടെ കുറവാണ് അന്തിമ വോട്ടര്‍പട്ടികയിലുള്ളത്. പട്ടികയില്നിന്നൊഴിവാക്കിയവരില് ഭൂരിപക്ഷവും ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ മരിച്ചുപോയവരെയും അര്ഹരല്ലാത്തവരെയുമാണു ഒഴിവാക്കിയതെന്നു തെരഞ്ഞെടുപ്പു കമ്മീഷന് പറയുന്നു. ആസാമിലും ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ചു പട്ടികയില്‍ നിന്നൊഴിവാക്കിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
Kerala
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വി. കുഞ്ഞികൃഷ്ണന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞതോടെ ടി.ഐ. മധുസൂദനന് വീണ്ടും മത്സരിച്ചാൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി കുഞ്ഞികൃഷ്ണൻ മത്സരിച്ചേക്കാൻ സാധ്യത.
പയ്യന്നൂര്‍ സിപിഎമ്മിലെ സാമ്പത്തിക തട്ടിപ്പിന്റെ വെളിപ്പെടുത്തലിനെതിരേ കൃത്യമായ മറുപടി നല്‍കാതെ കുഞ്ഞികൃഷ്ണനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലപാടാണ് ചില കേന്ദ്രങ്ങളില്‍നിന്നുമുണ്ടായത്. ഇതിനിടെ, ടി.ഐ. മധുസൂദനന് പയ്യന്നൂരില്‍ വീണ്ടും മത്സരിക്കുമെന്നുള്ള പ്രചാരണം നടക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്ന കുഞ്ഞികൃഷ്ണന് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വെളിപ്പെടുത്തിയത്. മധുസൂദനനെ പയ്യന്നൂരില്‍ മത്സരിപ്പിക്കാനുള്ള ഔദ്യോഗിക തീരുമാനമുണ്ടായാല്‍ തന്റെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തി മത്സരരംഗത്തുണ്ടാകുമെന്ന സൂചനയാണ് കുഞ്ഞികൃഷ്ണന് നല്‍കുന്നത്.
കുഞ്ഞികൃഷ്ണന്റെ വിവാദ വെളിപ്പെടുത്തലുണ്ടാക്കിയ പ്രതിസന്ധി കണക്കിലെടുത്ത് മധുസൂദനനെ മത്സരിപ്പിക്കാതിരുന്നാല്‍ കുഞ്ഞികൃഷ്ണന്റെ വാദങ്ങളെ ശരിവയ്ക്കലാകുമെന്നും അതിനാല്‍ മധുസൂദനന്തന്നെ മത്സരിക്കണമെന്ന നിലപാടായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റേത്. ഇതിന്റെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല.
എന്നാല്‍, മധുസൂദനനാണ് പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന പ്രചാരണങ്ങള്‍ സജീവവുമാണ്. ഈ സാഹചര്യത്തിലാണ് മധുസൂദനന് മത്സരരംഗത്തുണ്ടായാല്‍ എതിരേ മത്സരിക്കുമെന്ന സൂചന കുഞ്ഞികൃഷ്ണന് നല്‍കുന്നത്.
നേതാക്കളെ അണികള്‍ തിരുത്തണമെന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ കണക്കുകള്‍ നേതൃത്വത്തിന് ഇതുവരെ നിഷേധിക്കാന്‍ കഴിഞ്ഞിട്ടില്ല. കുഞ്ഞികൃഷ്ണന്റെ ചോദ്യങ്ങളുടെ മുനയൊടിക്കാനുള്ള ഉത്തരങ്ങളും നേതൃത്വത്തിന്റെ കൈയിലില്ല. അതേസമയം, തന്റെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ കുഞ്ഞികൃഷ്ണന്റെ കൈയിലുണ്ടെന്ന കാര്യത്തില്‍ നേതൃത്വത്തിന് സംശയവുമില്ല. കുഞ്ഞികൃഷ്ണന് മത്സരരംഗത്തെത്തുന്ന സാഹചര്യമുണ്ടായാല്‍ ഈ തെളിവുകള്‍ പ്രചാരണായുധമാകാനും സാധ്യതയുണ്ട്.
കുഞ്ഞികൃഷ്ണന് മത്സരരംഗത്ത് വന്നാല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർഥികളായി 75 വയസ് കഴിഞ്ഞവർ മത്സരിക്കണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. സ്ഥാനാർഥി നിർണയത്തിൽ പ്രായപരിധി നിബന്ധന ഇത്തവണ ഏർപ്പെടുത്തുന്നു ണ്ടോയെന്നും 75 കഴിഞ്ഞവരെ സ്ഥാനാർഥി പ്പട്ടികയിൽ ഉൾപ്പെടുത്തണോയെന്ന കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനോട് അഭ്യർഥിച്ചു.75 വയസ് കഴിഞ്ഞ ജയസാധ്യതയുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന കനഗോലു സംഘവും മണ്ഡലം പിടിച്ചെടുക്കാനോ നിലനിർത്താനോ ആവശ്യമുള്ളവരൊഴികെ 75 വയസ് കഴിഞ്ഞവരെ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം മുന്നോട്ടു വച്ചിരുന്നു. കനഗോലു സംഘത്തിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന നേതൃത്വം ഇക്കാര്യം ഹൈക്കമാൻഡിനോട് അഭ്യർഥിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 വയസ് പ്രായപരിധി നിബന്ധന കർക്കശമാക്കിയിരുന്നു. അതിനുമുകളിൽ ജയസാധ്യതയുള്ള മുതിർന്ന നേതാക്കൾക്കു മാത്രമാണ് ഇളവനുവദിച്ചത്. ഇത്തവണയും പ്രായപരിധിയിലെ ആശയക്കുഴപ്പം ഒഴിവാക്കണമെന്നാണ് ആവശ്യം.
ഓരോ മണ്ഡലത്തിലും മൂന്നോ നാലോ പേരടങ്ങിയ ജയസാധ്യതയുള്ളവരുടെ സ്ഥാനാർഥിപ്പട്ടിക തയാറാക്കിയിരുന്നു. ജില്ലാ-മണ്ഡലം തലത്തിലെ നേതാക്കളുമായി സംസ്ഥാന നേതൃത്വം നടത്തിയ കൂടിക്കാഴ്ചകളുടെയും വിവിധ സർവേ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലായിരുന്നു പട്ടിക തയാറാക്കിയത്. ഇതിനെ വീണ്ടും ചുരുക്കി സമർപ്പിക്കാനുള്ള സർവേകളാണ് ഇപ്പോൾ നടന്നുവരുന്നത്.
ഒരു മണ്ഡലത്തിലും പരമാവധി രണ്ടോ മൂന്നോ പേരുടെ പേരുകൾ മാത്രമാകും സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറുക. ഇതിനായി കനഗോലു സംഘത്തിന്റെ അന്തിമസർവേയും നടന്നുവരുന്നു.
ഇതിനിടെയാണ് പ്രായപരിധി ടി മാനദണ്ഡമാക്കുന്നുണ്ടോയെന്ന ചോദ്യം ഉയർന്നത്. 75 വയസ് പ്രായപരിധി കർക്കശമാക്കിയാൽ പല മണ്ഡലങ്ങളിലും തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ കുറവു വരും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തുകളിലേക്കും കോർപറേഷൻ- മുൻസിപ്പാലിറ്റികളിലേക്കും യുവ സ്ഥാനാർഥികളെ പരീക്ഷിച്ചപ്പോൾ വലിയ വിജയമായിരുന്നു നേടിയത്. ഈ മാതൃകകൂടി പിന്തുടരുന്നത് നിയമസഭാ തെരഞ്ഞെടുപ്പിലും വിജയസാധ്യത ഉയർത്തുമെന്ന അഭിപ്രായവുമുണ്ട്. അടുത്തയാഴ്ച ആദ്യം ഡൽഹിയിൽ സ്ഥാനാർഥിനിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ പ്രേംകുമാര്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു പ്രേംകുമാര്‍. നാളെ എന്തു സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. നിലവില്‍ ആരുമായും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് വാര്‍ത്തകള്‍ മാത്രമാണ്.
ചലച്ചിത്ര അക്കാദമിയില്‍ നിന്നും എന്നെ മാറ്റേണ്ടത് മാന്യമായ രീതിയിലായിരുന്നു. അല്ലാതെ മാധ്യമങ്ങളിലൂടെയല്ല ഞാന്‍ അറിയേണ്ടത്. ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. സാഹിത്യ അക്കാദമി ചെയര്മാന് സച്ചിദാനന്ദന് തുടര്‍ഭരണത്തിന്റെ അപകടത്തെക്കുറിച്ചു പറഞ്ഞു. എന്നാല്‍ രണ്ടു പേര്‍ക്കും രണ്ടു നീതിയാണ് ലഭിച്ചത്. എനിക്ക് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. എന്റെ രാഷ് ട്രീയ സാഹചര്യം എല്ലാവര്ക്കും അറിയാവുന്നതാണ്.
എന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ പറഞ്ഞുവിടേണ്ടതിന് ഒരു മര്യാദയുണ്ടായിരുന്നെന്നും പ്രേംകുമാര്‍ പറഞ്ഞു.